Kerala
ഇനാം നൽകാമെന്ന് ബിജെപി, വേണ്ടെന്ന് ഇളയിടം; ശനിയാഴ്ച്ച ചെക്ക് അയ്കുമെന്ന് ഇ കൃഷ്ണദാസ്
പാലക്കാട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തെക്കുറിച്ചും അതിലെ എസ്എഫ്ഐയുടെ പങ്കിനെകുറിച്ചും പ്രതികരിച്ചാൽ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടത്തിന് ഇനാം നൽകുമെന്ന വാഗ്‌ദാനം പാലിക്കുമെന്ന് ബിജെപി. എന്നാൽ തനിക്കത് വേണ്ടെന്നും താൻ അത് സ്വീകരിക്കില്ലെന്നുമാണ് ഇളയിടത്തിന്റെ മറുപടി.
പൂക്കോട്ടെ സംഭവത്തെ കുറിച്ച് സുനിൽ പി. ഇളയിടത്തെ പോലെയുള്ള പലരും നിശബ്ദരാണെന്നും എന്നാൽ ഈ വിഷയത്തിൽ ഒരുവാക്കെങ്കിലും പറയാൻ തയ്യാറായാൽ 10,001 രൂപ ഇനാം നൽകുമെന്നായിരുന്നു ബിജെപിയുടെ വാക്ക്. സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭാ വൈസ് ചെയർമാനുമായ ഇ കൃഷ്ണദാസാണ് ഇത് പറഞ്ഞത്.
പൂക്കോട് ക്യാംപസിൽ നടന്നത് ഒരുനിലയ്ക്കും ഉണ്ടാകാൻ പാടില്ലാത്ത അങ്ങേയറ്റം കുറ്റകരമായ സംഭവമാണെന്ന് ബുധനാഴ്ച സുനിൽ പി. ഇളയിടം പറഞ്ഞിരുന്നു. ക്യാംപസിലെ അതിക്രമങ്ങളെ ചെറുത്ത് നിന്ന് ക്യാംപസ് രാഷ്ട്രീയത്തെ മുറുകെ പിടിക്കേണ്ടവർ തന്നെ സംഭവത്തിൽ ഉൾപ്പെട്ടു എന്നത് ഏറെ കുറ്റകരമാണ്. ആൾക്കൂട്ട വിചാരണ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. ഇത് സമൂഹമനസ്സാക്ഷിയെയും വിദ്യാർഥിരാഷ്ട്രീയത്തെയും പൂർണമായും തകർക്കും. കാംപസിൽ രാഷ്ട്രീയമില്ലാതായാൽ മത, വർഗീയ പ്രസ്ഥാനങ്ങളുടെ അപകടകരമായ കടന്നുകയറ്റമുണ്ടാകുമെന്നും സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇളയിടത്തിന് ഇനാം നല്‍കാമെന്ന നിലപാട് ബിജെപി സ്വീകരിക്കുകയായിരുന്നു.