Kerala
ഇലന്തൂർ നരബലി കേസില്‍ പ്രതികള്‍ക്കെതിരെ ഏപ്രില്‍ ഒന്നിന് കോടതി കുറ്റം ചുമത്തും

പത്തനംതിട്ട: ഇലന്തൂർ നരബലി കേസില്‍ പ്രതികള്‍ക്കെതിരെ ഏപ്രില്‍ ഒന്നിന് കോടതി കുറ്റം ചുമത്തും. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവർക്കെതിരെയാണ് എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി കുറ്റം ചുമത്തുക. പ്രതികളുടെ വിടുതല്‍ ഹർജിയിലും കോടതി അന്നുതന്നെ വിധി പറയും. വിടുതല്‍ ഹർജി തള്ളുകയാണെങ്കില്‍ കുറ്റം ചുമത്തുന്നതിന് സാവകാശം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം കോടതി അംഗീകരിച്ചില്ല.
കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചുമെന്നാണ് വിടുതല്‍ ഹർജിയില്‍ പ്രതികളുടെ വാദം. ഇതല്ലാതെ കേസില്‍ തങ്ങള്‍ക്കെതിരെ യാതൊരു തെളിവുമില്ലെന്നും പ്രതികള്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ വ്യക്തമാക്കി.