കണ്ണൂര്‍: ദേശീയപാതയിൽ ഒന്നരലക്ഷത്തോളം കോഴിമുട്ടയുമായി വന്ന ലോറി മറിഞ്ഞപകടം. ഞായറാഴ്ച രാവിലെ ഏഴോടെ മുഴപ്പിലങ്ങാട് റെയിൽവേ മേൽപ്പാലത്തിലാണ് സംഭവം. മുട്ടയെല്ലാം റോഡിൽ പൊട്ടിച്ചിതറി യാത്രികർക്ക് തടസമുണ്ടാക്കി. തമിഴ്നാട് നാമക്കലിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോയ ലോറിയാണ് മറിഞ്ഞത്. എതിരെവന്ന മത്സ്യ ലോറിയെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു.
ഡ്രൈവർ സോമസുന്ദരം മാത്രമായിരുന്നു ലോറിയിൽ. ആർക്കും പരിക്കില്ല. ഒന്നര ലക്ഷത്തോളം മുട്ട ലോറിയിലുണ്ടായിരുന്നു. അഞ്ചുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. റാക്കുകളിൽ അടുക്കിവെച്ച നിലയിലായിരുന്നു. റോഡിലേക്ക് പൊട്ടിച്ചിതറിയതോടെ യാത്ര ദുഷ്കരമായി. വെള്ളയും മഞ്ഞയും മേൽപ്പാലത്തിൽ നിന്ന് താഴെ ഭാഗത്തേക്ക് ഒഴുകി. എട്ടരയോടെ ലോറി മാറ്റി. തലശ്ശേരിയിൽ നിന്നെത്തിയ അഗ്നിരക്ഷായൂണിറ്റ് റോഡ് കഴുകി വൃത്തിയാക്കി. ദേശീയപാതയിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. സ്‌കൂട്ടറുകളും ബൈക്കുകളുമുൾപ്പെടെ 10 വാഹനങ്ങൾ തെന്നിമറിഞ്ഞു. ചിലർക്ക് നിസ്സാര പരിക്കേറ്റു.
പൊട്ടിയ മുട്ടകൾ റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ ദേശീയപാത മഞ്ഞ പ്രളയമായി. സൂക്ഷിച്ചുപോകാൻ പോലീസും നാട്ടുകാരും നിർദേശം നൽകിക്കൊണ്ടേയിരുന്നു. മഞ്ഞയും ചുവപ്പും കറുപ്പും ഓറഞ്ചും എന്നുവേണ്ട മുട്ടറാക്കുകളുടെ കൂമ്പാരമായിരുന്നു പീന്നീട് ദേശീയ പാതയോരത്ത്. മേൽപ്പാലത്തിന് അരികിലെ നടപ്പാതയിൽ ഇവ കൂട്ടിയിട്ടു. വൈകുന്നേരമായപ്പോഴേക്കും ദുർഗന്ധവും പരന്നു.