തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിചേര്‍ത്ത്, കരുവന്നൂര്‍ കേസ് തട്ടിപ്പില്‍ പാര്‍ട്ടിക്ക് വലിയ പങ്കുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ഇഡിയുടെ ശ്രമമെന്ന് സപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഡി തോന്ന്യാസം കാണിക്കുകയാണെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിക്കെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞാല്‍ എന്ത് കേസ് എടുക്കാനാണ് ഇഡിക്കുള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു. ഇത് സംബന്ധിച്ച് വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. പാര്‍ട്ടിക്ക് സംസ്ഥാനത്തുടനീളം പതിനായിരക്കണക്കിന് ഘടകങ്ങള്‍ക്ക് സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓഫീസുകളുണ്ട്. അത് പതിറ്റാണ്ടുകളായി ഉള്ളതാണ്. സാധാരണയായി ബ്രാഞ്ച്, ലോക്കല്‍, ഓഫിസുകള്‍ നിര്‍മ്മിക്കാനായി ജില്ല കമ്മറ്റി ഓഫീസിന്റെ പേരിലാണ് ഭൂമി വാങ്ങാറുള്ളതെന്നും ഗോവിന്ദന്‍പറഞ്ഞു.
ഏതോ ഒരു ലോക്കല്‍ കമ്മറ്റി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്ന അക്കൗണ്ട് മരവിപ്പിക്കുന്നത് തികച്ചും തെറ്റായ നടപടിയാണ്. വേറെ ഒരു കാര്യവും അവര്‍ക്ക് പറയാനില്ലാതെ വരുമ്പോള്‍ സിപിഎമ്മിനെ പഴിചാരി രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇഡി നടത്തുന്നത്. അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പാര്‍ട്ടിക്ക് ലോക്കല്‍ കമ്മറ്റി ഓഫീസ് നിര്‍മാണവുമായി ഒരു ബന്ധവും ഇല്ല. ലോക്കല്‍ കമ്മറ്റി ഓഫീസ് അവര്‍ ഫണ്ട് പിരിച്ചാണ് ഉണ്ടാക്കുന്നത്. ഇഡി തോന്ന്യാസം കളിക്കുകയാണ്. എന്തുചെയ്യാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഫാസിസ്റ്റ് നടപടിയാണ് അവര്‍ സ്വീകരിക്കുന്നത്.