ഡൽഹി: ദില്ലി മദ്യനയ അഴിമതിയിൽ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡിയിലാണ് നിലവിൽ കെജ്‍രിവാളുള്ളത്. കെജ്‍രിവാളിന്റെ അറസ്റ്റിൽ ആം ആദ്മി പാർട്ടി ഇന്നും ദില്ലിയിൽ പ്രതിഷേധിക്കും.
മദ്യനയ അഴിമതിയിൽ കെജ്‍രിവാളിന് എതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താനാകും ഇഡിയുടെ ശ്രമം. അതിനായി കെജ്‍രിവാളിനെ വിശദമായി ഇന്ന് ചോദ്യം ചെയ്യും. ഇതേ കേസിൽ അറസ്റ്റിലായ തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയും ഇഡി കസ്റ്റഡിയിലാണ്. കെജ്‍രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം. കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വീണ്ടും കവിതയെ കസ്റ്റഡിയിൽ വേണം എന്ന് ഇഡി റോസ് അവന്യു കോടതിയിൽ ആവശ്യപ്പെടും.