ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് പത്മജ വേണുഗോപാൽ. പ്രതിസന്ധിഘട്ടത്തിൽ പ്രതിപക്ഷം ഭരണഭക്ഷത്തെ വിമർശിക്കുമ്പോഴാണ് കരുണാകരൻ്റെ കാലത്തെ ഡിവൈഎഫ്ഐയുടെ സഹായം പത്മജ പോസ്റ്റിട്ടത്. സിബി ചന്ദ്രബാബുവിന്റെ വാക്കുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തുകൊണ്ടാണ് പത്മജ വേണുഗോപാൽ ഡിവൈഎഫ്ഐയെ അഭിനന്ദിച്ചത്. അന്നത്തെ ഫയൽ ചിത്രവും പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപമിങ്ങനെ;
ഒരു പഴയ ചിത്രമാണ്. ഇത്തരം ചിത്രങ്ങൾ ഒന്നും എൻ്റെ പക്കൽ ഇല്ല. ഡിവൈഎഫ്ഐ യിൽ പ്രവർത്തിക്കുമ്പോൾ സഹപ്രവർത്തകനായിരുന്ന ഒരു സഖാവ് ഇന്ന് അയച്ചു തന്നതാണ്.1991ൽ സംസ്ഥാനത്ത് വലിയ നാശം വിതച്ച പ്രളയകെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാൻ DYFI സംസ്ഥാനത്തു നിന്ന് ഹുണ്ടികപിരിവ് വഴി ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്ന ചടങ്ങാണിത്. സെക്രട്ടറിയറ്റിലെ ഓഫീസിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെയാണ് ഏതാനും ലക്ഷങ്ങൾ വരുന്ന തുക ഏൽപ്പിച്ചത്.
എസ് ശർമ്മ, കടകംപള്ളി സുരേന്ദ്രൻ, മുത്തു എന്നിവരാണ് കൂടെയുള്ളത്. മുഖ്യമന്ത്രിയുടെ മറയിൽ നിൽക്കുന്നത് മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന പന്തളം സുധാകരനാണ്. ഈ കൂടിക്കാഴ്ച എന്നും ഓർമ്മയിൽ നിൽക്കാൻ ചില കാരണങ്ങൾ ഉണ്ട്. സംഭവദിവസം മുഖ്യമന്ത്രിയെ നേരിൽ കാണുന്നതിന് പേഴ്സണൽ സ്റ്റാഫിലെ ഒരു പ്രമുഖൻ വഴി അനുമതി വാങ്ങിയാണ് ചെന്നത്. ഞങ്ങൾ ചെല്ലുമ്പോൾ അനുമതി തന്നയാൾ സ്ഥലത്തില്ല. മറ്റൊരു പ്രമുഖനെ സമീപിച്ച് കാര്യം ധരിപ്പിച്ചു.
സിഎം വളരെ തിരക്കിലാണ് ഒരു തരത്തിലും കാണാൻ അനുവദിക്കില്ല എന്നായി അദ്ദേഹം. കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് മടങ്ങി ഡിവൈഎഫ്ഐ ഓഫീസിൽ എത്തി. മൊബൈലൊന്നുമില്ലാത്ത കാലമാണ്. എന്നാൽ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു ഹോട്ട്‌ലൈൻ ഫോണുണ്ടെന്ന് എവിടെയോ വായിച്ച ഒരോർമ്മ ശർമ്മയെ ധരിപ്പിച്ചു. നമ്പർ സംഘടിപ്പിച്ച് ലാൻ്റ് ഫോണിൽ കറക്കി. മറുഭാഗത്ത് മുഖ്യമന്ത്രി ഫോണിൽ വന്നു. സെക്രട്ടറിയറ്റിൽ വന്ന് കാണാൻ കഴിയാതെ മടങ്ങിയ കാര്യം പറഞ്ഞു. ഇപ്പോൾ നിങ്ങൾ എവിടെയാണ് മറുഭാഗത്ത് നിന്നാരാഞ്ഞു. ഡിവൈഎഫ്ഐ ഓഫീസിലാണെന്ന് ശർമ്മ പറഞ്ഞു. ഒരു വാഹനം അവിടെ വരും അതിൽ കയറി ഓഫീസിലേക്ക് എത്താൻ നിർദേശിച്ചു.