Kerala

വനിതാ പ്രവർത്തകർക്ക് നേരെ വധഭീഷണി മുഴക്കി; ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റിനെതിരെ പരാതി നൽകി മഹിളാ മോർച്ച

Posted on

കോഴിക്കോട്: കോഴിക്കോടിന്റെ സ്വാഭാവികജീവിതത്തെ തടസ്സപ്പെടുത്തിയാൽ മോർച്ചക്കാരെ മോർ‍ച്ചറിയിലേക്കയക്കുമെന്ന് പറഞ്ഞ ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് വി. വസീഫിനെതിരെ പരാതി നൽകി മഹിളാ മോർച്ച. ഡി.വൈ.എഫ്.ഐ. കോന്നാട് ബീച്ചിൽ ‘മഹിളാമോർച്ചയുടെ സദാചാര ഗുണ്ടായിസത്തിനെതിരേ’ എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധസായാഹ്നത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം. പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. മഹിളാമോർച്ച ജില്ലാപ്രസിഡന്റ് രമ്യ മുരളിയാണ് പരാതി നൽകിയത്.

കോന്നാട് കടപ്പുറത്ത് ശക്തമാവുന്ന ലഹരിമാഫിയക്കെതിരെ പ്രദേശവാസികളായ സ്ത്രീകൾ പ്രതീകാത്മക സമരം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ പ്രദേശത്തിനു പുറത്തുനിന്നുവന്ന ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധസമരം നടത്തുന്നതിനിടെ വസീഫ് വെല്ലുവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ത്രീസംഘടനയായ മഹിളാമോർച്ചയുടെ അംഗങ്ങളായ സ്ത്രീകൾക്കു ജീവന് ഭീഷണിയുയർത്തി പ്രസംഗിച്ചതിനെതിരെ നടപടിയെടുക്കണമെന്നാണ് രമ്യ മുരളി ആവശ്യപ്പെട്ടത്.

സംഭവത്തിൽ അന്വേഷണം നടത്താൻ കമ്മിഷണർ പരാതി ടൗൺ എസിപി കെ.ജി.സുരേഷിനു കൈമാറി. കോന്നാട് കടപ്പുറത്തു സമരം ചെയ്ത വനിതകളെ യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വെള്ളയിൽ എസ്ഐ എ.വി.ബവീഷ് അടക്കമുള്ള പൊലീസുകാരുമായും ചർച്ച നടത്തി.ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അതുൽ പെരുവട്ടൂർ, വിഷ്ണു പയ്യാനക്കൽ, വൈസ് പ്രസിഡന്റ് വിസ്മയ പിലാശ്ശേരി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version