കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഒരു സീറ്റ് പോലും നേടാനാവാതെ പാർട്ടിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ജനസമ്പർക്ക പരിപാടികൾ സഘടിപ്പിക്കാനൊരുങ്ങി സിപിഐഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐ.
പാർട്ടിയെ കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകളെ കുറിച്ചും അവരുടെ പ്രശ്‍നങ്ങളെ കുറിച്ചും പഠിക്കാൻ അടുത്ത രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജനസമ്പർക്ക പരിപാടികൾ നടത്തുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം പറഞ്ഞു.’വലിയ റാലികളും ആൾക്കൂട്ടങ്ങളും സൃഷ്ട്ടിക്കാൻ ഈയിടെ പാർട്ടിക്ക് സാധിക്കുന്നുണ്ട്.
എന്നാൽ തിരഞ്ഞെടുപ്പിൽ അത് വോട്ടായി മാറുന്നില്ല. വോട്ടിങ് മെഷീനിൽ പാർട്ടി സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകുന്നതിൽ നിന്ന് തടയുന്ന എന്തോ ഒന്ന് ജനങ്ങൾക്കിടയിൽ ഉണ്ട്. അത് ജനങ്ങളിൽ നിന്ന് തന്നെ അറിയണം’. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം പറഞ്ഞു. ഓഗസ്റ്റിൽ നദിയ ജില്ലയിൽ സിപിഐഎമ്മിന്റെ വിപുലമായ സംസ്ഥാന സമിതി യോഗം നടക്കാനിരിക്കെയാണ് യുവജന വിഭാഗത്തിന്റെ ജനസമ്പർക്ക ക്യാമ്പയിൻ.