India
സ്റ്റേഷനിൽ സൂക്ഷിച്ച ഒന്‍പത് കിലോ കഞ്ചാവും 10 കിലോ ഭാംഗും കാണാനില്ല; എലിയുടെ തലയിലിട്ട് പൊലീസ്
ധൻബാദ്: സ്റ്റേഷനിൽ സൂക്ഷിച്ച കഞ്ചാവും ഭാംഗും കാണാനില്ലാതായതോടെ കേസ് എലിയുടെ തലയിലിട്ട് പൊലീസ്. 10 കിലോഗ്രാം ഭാംഗും ഒമ്പത് കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായത്. ജാർഖണ്ഡിലാണ് സംഭവം. ഒരു കേസിൽ പിടികൂടിയ കഞ്ചാവും ഭാംഗും കാണാതായതോടെ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് പൊലീസിന്റെ വിചിത്ര വാദം. ആറ് വർഷം മുമ്പ് പിടിച്ചെടുത്തതാണ് കഞ്ചാവും ഭാംഗും. കഴിഞ്ഞ ദിവസം ഇത് കോടതിയിൽ ഹാജരാക്കാൻ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച മയക്കുമരുന്നുകൾ പൂർണമായും എലി നശിപ്പിച്ചുവെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
2018 ഡിസംബർ 14നാണ് രാജ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ വച്ച് കഞ്ചാവും ഭാംഗും പിടികൂടിയത്. അന്ന് ശംഭു പ്രസാദ് അഗര്‍ വാൾ എന്നയാളെയും മകനെയും പിടികൂടിയപ്പോഴാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇവർക്കെതിരെ പൊലീസിൽ എഫ്ഐആറും രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ വാദത്തിനിടെയാണ് തൊണ്ടിമുതൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. പ്രതികളെ വ്യാജ കേസിൽ പെടുത്തിയതാണെന്നാണ് പൊലീസിന് തെളിവ് സമർപ്പിക്കാനാകാത്തതിൽ നിന്ന് വ്യക്തമാകുന്നതെന്ന് പ്രതിഭാഗം ആരോപിച്ചു.