എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്തി പിടിയിലായ ടാൻസാനിയൻ സ്വദേശിനിയുടെ ശരീരത്തിൽ നിന്ന് കൊക്കയിൻ ഗുളികകൾ പുറത്തെടുത്തു. വെറോനിക്ക അഡ്രേഹെലം നിഡുങ്കുരുവിന്റെ ശരീരത്തിൽ നിന്ന് 1.342 കിലോ വരുന്ന 95 കൊക്കയിൻ ഗുളികകളാണ് പുറത്തെടുത്തത്. ഇതിന് വിപണിയിൽ 13 കോടി രൂപ വില വരും.
അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന വെറോണിക്കയെ ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊക്കയിൻ ഗുളിക രൂപത്തിലാക്കി വിഴുങ്ങിയാണ് ടാൻസാനിയൻ സ്വദേശിയും കൂട്ടാളി ഒമരി അതുമാനി ജോങ്കോയും കടത്തിയത്.
ഇവരെ ഇക്കഴിഞ്ഞ 16 നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് യൂണിറ്റ് കൊച്ചി വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തിൽ നിന്ന് 19 കോടി വില വരുന്ന 1.945 കിലോ കൊക്കയിനാണ് പുറത്തെടുത്തത്. ഇയാൾ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. ഇരുവരിൽ നിന്നുമായി മൊത്തം 32 കോടിയുടെ കൊക്കയിനാണ് പിടികൂടിയത്. ഇരുവരുടെയും വയറിളക്കിയാണ് കൊക്കയ്ൻ പുറത്തെടുത്തത്.