അഞ്ചൽ: ആശുപത്രിയിൽ പരിശോധനയ്ക്കിടെ യുവതിയുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തി. വർക്കല സ്വദേശിനി ബേബി ഷക്കീല (42)യിൽ നിന്നാണ് ആശുപത്രി അധികൃതർ പരിശോധന നടത്തുന്നതിനിടെ ലഹരിമരുന്ന് കണ്ടെത്തിയത്. അഞ്ചൽ ഏറം സ്വദേശിയായ യുവാവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
കഴിഞ്ഞ ദിവസം കരുകോണിലായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ നാട്ടുകാരുടെ സഹായത്തോടെ അഞ്ചലിലെ സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എന്നാൽ, ആശുപത്രി അധികൃതർ വിവരമറിയിച്ചിട്ടും സംഭവം പൊലീസ് ഗൗരവമായിട്ടെടുത്തില്ലെന്നും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്നാണ് പൊലീസ് ആശുപത്രിയിലെത്തി നടപടി സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. യുവതിയുടെ കൂടെവന്ന യുവാവിനെ പൊലീസ് വിട്ടയച്ചു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തില്ല. യുവതിക്കെതിരെ പൊലീസ് കേസെടുത്തു.