പത്തനംതിട്ട: വില്‍പനയ്ക്കുവെച്ച മിലിട്ടറി കാന്റീനിലെ മദ്യം പിടികൂടി എക്‌സൈസ്. ഇളമണ്ണൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വെച്ചിരുന്ന 102.5 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ മുന്‍ സൈനീകനായ ഇളമണ്ണൂരില്‍ ശ്രീചിത്തിരയില്‍ രമണന്‍ (64)നാണ് പിടിയിലായത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 750 മില്ലി ലിറ്ററിന്റെ പത്ത് കുപ്പിയും മൂന്ന് കിലോമീറ്റര്‍ അകലെ മാവിളയിലുള്ള ഇയാളുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍നിന്ന് 128 കുപ്പി മദ്യവുമാണ് കണ്ടെടുത്തത്. മിലട്ടറി കാന്റീനില്‍ മാത്രം വില്‍പ്പന നടത്തുന്ന മദ്യമാണ് ഇവിടെനിന്ന് പിടികൂടിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. സ്ഥിരമായി ഇവിടെ മദ്യവില്‍പ്പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം ഞായറാഴ്ച വൈകിട്ട് പരിശോധന നടത്തിയത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് മദ്യം കണ്ടെത്തിയതിന് ശേഷം ചോദ്യംചെയ്തപ്പോഴാണ് മാവിളയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മദ്യശേഖരമുണ്ടെന്ന് ഇയാള്‍ പറഞ്ഞത്. അടൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.