ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ നിന്ന് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ തസ്ലീമ എക്സൈസിന്റെ പിടിയിലായത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തന്റെ കൈവശമുള്ള കഞ്ചാവ് തസ്ലിമ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഉൾപ്പടെ നൽകിയിട്ടുണ്ട് എന്ന് പറഞ്ഞതോടെ അന്വേഷണം മറ്റൊരു തലത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

യുവതിയിൽ നിന്ന് പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് പ്രത്യേക അന്തരീക്ഷത്തിലും സാങ്കേതിക വിദ്യയിലും വളര്‍ത്തിയെടുക്കുന്നതാണെന്ന് എക്സൈസ് കണ്ടെത്തി. ആഫ്രിക്കന്‍- ഇന്ത്യന്‍ കഞ്ചാവുകളുടെ വിത്തുകള്‍ ചേര്‍ത്താണ് ഈയിനം വികസിപ്പിക്കുന്നത്.
കൃത്രിമവെളിച്ചത്തിലും അടച്ചിട്ട മുറികളിലുമാണ് കൃഷി. മണ്ണില്ലാതെ പ്രത്യേക ലായനിയിലാണ് വളര്‍ത്തുന്നത്. അപകടകരമായ ഊര്‍ജം ഹൈബ്രിഡ് കഞ്ചാവിലൂടെ ലഭിക്കുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

