ബെംഗളൂരു: സഹോദരങ്ങൾ കിണറ്റിൽ മുങ്ങിമരിച്ചു. കർണാടകയിലെ കലബുറഗി ചിഞ്ചോളി പതപള്ളി ഗ്രാമത്തിലാണ് സംഭവം. സന്ദീപ് (23), സഹോദരി നന്ദിനി (19) എന്നിവരാണ് മരിച്ചത്. സഹോദരനുമായി വഴക്കിട്ടതിന് പിന്നാലെ യുവതി കിണറ്റിൽ ചാടുകയായിരുന്നു. സഹോദരിയെ രക്ഷിക്കാനാണ് സന്ദീപ് കിണറ്റിൽ ചാടിയത്.
നന്ദിനി പഠനം നിർത്തിയതിനെ തുടർന്ന് സഹോദരൻ സന്ദീപ് വഴക്കുപറഞ്ഞതാണ് സംഭവത്തിലേക്ക് നയിച്ചത്. വീട്ടിൽനിന്ന് ഇറങ്ങിയോടിയ പെൺകുട്ടി കിണറ്റിൽ ചാടുകയായിരുന്നു. സന്ദീപ് കൂടെ ചാടിയെങ്കിലും ഇരുവർക്കും നീന്തലറിയില്ലായിരുന്നു. ഇരുവരും കിണറ്റിൽ ചാടിയ വിവരം രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല. രാത്രി ഇരുവർക്കുമായി മാതാപിതാക്കൾ തിരച്ചിൽ നടത്തിയിരുന്നു. പിറ്റേന്ന് രാവിലെ മകൾ മുടിയിൽ അണിഞ്ഞിരുന്ന പൂമാലയിലെ പൂക്കൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതു കണ്ടതോടെ സംശയമുദിച്ചാണ് മാതാപിതാക്കളും നാട്ടുകാരും അഗ്നിരക്ഷാ സേനയെ വിളിച്ചുവരുത്തിയത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനുശേഷം വൈകീട്ട് നാലോടെ നന്ദിനിയുടെയും രാത്രി ഏഴോടെ സന്ദീപിൻറെയും മൃതദേഹങ്ങൾ അഗ്നിരക്ഷാ സേന പുറത്തെടുത്തു. ചിഞ്ചോളി പൊലീസ് കേസെടുത്തു.