Kerala

സ്വന്തം വാഹനവുമായി എത്തണം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

Posted on

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. സ്വന്തം വാഹനവുമായി എത്തുന്നവരുടെ ടെസ്റ്റ് നടത്താനാണ് തീരുമാനം. ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ കൈവശമുണ്ടായിരിക്കണമെന്നുള്ള നിര്‍ദേശം മാത്രമാണ് വകുപ്പ് നല്‍കിയിട്ടുള്ളത്. ഒരാളെങ്കിലും എത്തിയാല്‍ പൊലീസ് സംരക്ഷണയോടെ ടെസ്റ്റ് നടത്താനാണ് ശ്രമം. ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ക്ക് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും നടത്തുന്ന സമരം തുടരുന്നതിനാല്‍ ഇന്നും ടെസ്റ്റ് മുടങ്ങാനാണ് സാധ്യത. ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി.

പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സംഘടനകള്‍. പ്രതിഷേധത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടിരുന്നു. ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ ടെസ്റ്റിന് വിട്ടുനല്‍കാതെയാണ് പ്രതിഷേധം തുടരുന്നത്. പങ്കെടുക്കാന്‍ സന്നദ്ധരായവര്‍ക്കുപോലും ഇതുകാരണം ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ തിരുവനന്തപുരം മുട്ടത്തറയില്‍ വന്നവര്‍ക്ക് സാങ്കേതികപ്രശ്‌നങ്ങള്‍കാരണം മടങ്ങേണ്ടിവന്നിരുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നലേയും ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങയിരുന്നു. പ്രതിഷേധം കാരണം തിരുവനന്തപുരത്ത് ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കാനായില്ല. എറണാകുളത്ത് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റുകള്‍ ബഹിഷ്‌കരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version