India
വീട്ടിലെത്താൻ നായ ഒറ്റക്ക് സഞ്ചരിച്ചത് 250 കിലോമീറ്റർ; അദ്ഭുതപ്പെട്ട് ഒരു ഗ്രാമം
ഉടമയെ തേടി വളർത്തുനായ ഒറ്റയ്ക്ക് സഞ്ചരിച്ചെത്തിയത് 250 കിലോമീറ്ററുകൾ. കർണാടകയിലെ ബെലാഗവി ഗ്രാമമാണ് അദ്ഭുതകരമായൊരു സംഭവത്തിന് ദൃക്സാക്ഷിയായത്. മഹാരാജ് എന്ന പേരുള്ള നായയാണ് കിലോമീറ്ററുകൾ താണ്ടി ഉടമയുടെ അടുത്തേക്ക് എത്തിയത്.
കഴിഞ്ഞ മാസമാണ് കമലേഷ് കുംഭറിനൊപ്പം വളർത്തുനായ പന്ദർപൂരിലേക്ക് പോയത്. എല്ലാ വർഷവും താൻ പന്ദർപൂരിൽ പദയാത്രയ്ക്ക് പോകാറുണ്ടെന്നും ഇത്തവണ മഹാരാജും തനിക്കൊപ്പം വന്നുവെന്ന് കുംഭർ പിടിഐയോട് പറഞ്ഞു. മഹാരാജ് എപ്പോഴും ഭജന കീർത്തനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടാറുണ്ട്. ഒരിക്കൽ, മഹാബലേശ്വറിനടുത്തുള്ള ജ്യോതിബ ക്ഷേത്രത്തിലേക്കുള്ള മറ്റൊരു പദയാത്രയിൽ തന്റെ കൂടെ വന്നിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
250 കിലോമീറ്ററുകളോളം നായ തന്റെ ഉടമയെ പിന്തുടർന്നു. വിദോബ ക്ഷേത്രദർശനം കഴിഞ്ഞപ്പോഴാണ് നായയെ കാണാനില്ലെന്ന് കുംഭർ മനസിലാക്കുന്നത്. തിരക്കിയപ്പോഴാണ് മറ്റൊരു ഗ്രൂപ്പിനൊപ്പം നായ പോകുന്നത് കണ്ടുവെന്ന് ആളുകൾ പറഞ്ഞത്.
”ഞാൻ അവിടെ എല്ലായിടത്തും അവനെ തിരഞ്ഞു. പക്ഷേ, കണ്ടെത്താൻ കഴിഞ്ഞില്ല. ആളുകൾ പറഞ്ഞത് ശരിയായിരിക്കാം, അവൻ മറ്റൊരാളോടൊപ്പം പോയെന്ന് ഞാൻ കരുതി. ജൂലൈ 14-ന് ഞാൻ എന്റെ നാട്ടിലേക്ക് മടങ്ങി. തൊട്ടടുത്ത ദിവസം വീടിന്റെ മുൻപിൽ മഹാരാജ് നിൽക്കുന്നത് കണ്ട് ഞാൻ അതിശയിച്ചു. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ അവൻ വാലാട്ടി നിന്നു. അവന് യാതൊരു കുഴപ്പവും എനിക്ക് തോന്നിയില്ല,” കുംഭർ പറഞ്ഞു. മഹാരാജിന്റെ തിരിച്ചുവരവ് കുംഭറും ഗ്രാമവാസികളും ചേർന്ന് ആഘോഷമാക്കിയിരുന്നു.