തൃശൂർ: അയല്‍വാസിയുടെ വളര്‍ത്തനായയുടെ ആക്രമണത്തില്‍ 11 കാരിക്ക് ഗുരുതര പരിക്കേറ്റു. മുണ്ടത്തിക്കോട് തിരുത്തിപറമ്പ് നിലോത്ത് വീട്ടില്‍ പരേതനായ അഷറഫിന്റെയും നേഹയുടെയും മകളായ അമേയക്കാണ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. പെണ്‍കുട്ടിയുടെ മുഖത്തും പുറത്തും കൈ കാലുകളിലും നെഞ്ചിലും കടിയേറ്റു.
കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടിയും ചേച്ചിയും കൂടി വീടിന്റെ ഗേറ്റ് പൂട്ടാന്‍ പോയപ്പോള്‍ പാഞ്ഞുവന്ന നായ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന 13 വയസുള്ള ചേച്ചി നായയെ ബഹളംവച്ചും വടി എടുത്തും ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ നായ ചേച്ചിയേയും ആക്രമിക്കാന്‍ ശ്രമിച്ചു. നായയുമായി ഏറെനേരത്തെ മല്‍പ്പിടത്തത്തിനുശേഷം പരുക്കേറ്റ പെണ്‍കുട്ടി തന്നെ നായയെ എടുത്തെറിയുകയായിരുന്നു.
സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അമ്മ നേഹ എത്തിയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ നോക്കിയെങ്കിലും കുട്ടിക്ക് രക്ത സമ്മര്‍ദം കൂടിയതിനാൽ സാധിച്ചില്ല. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താന്‍ ആകുമെന്നാണ് പീഡിയാട്രിക് സര്‍ജന്‍ പറഞ്ഞത്.
നാലുമാസം മുമ്പാണ് പനിയും ന്യൂമോണിയയും ബാധിച്ച് പെണ്‍കുട്ടിയുടെ പിതാവ് അഷറഫ് മരിച്ചത്. തുരത്തിപറമ്പില്‍ ഈ കുടുംബം വാടകയ്ക്കാണ് താമസിക്കുന്നുത്.