ഡൽഹിയിൽ ഡോക്ടറെ ആശുപത്രിയിൽ കയറി വെടിവച്ചു കൊന്ന പ്രധാന പ്രതിയെ പിടികൂടാനാവാതെ പോലീസ്. കൃത്യത്തിന് ഉപയോഗിച്ച തോക്കുമായി നിൽക്കുന്ന ചിത്രം പ്രായപൂർത്തിയാവാത്ത പ്രതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഒടുവിൽ 2024ൽ ഒരു കൊലപാതകം നടത്തി എന്നാണ് ഫോട്ടോയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. ഹാപൂരിൽ നിന്ന് ഒരാളെ പിടികൂടിയെങ്കിലും വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല.
രണ്ടാമത്തെ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അയാളാണ് നിറയൊഴിച്ചതെന്നുമാണ് പോലീസ് പറയുന്നത്. ഇരുവരും ഒരേ പ്രദേശത്താണ് താമസമെങ്കിലും കൃത്യത്തിന് ശേഷം പ്രധാന പ്രതി ഒളിവിൽ പോകുകയായിരുന്നു. ഡോക്ടറെ കൊല്ലാൻ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആശുപത്രിയിൽ ഉള്ള ചിലർക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ആശുപത്രിയിലെ ഒരു നഴ്സിനെയും ഭർത്താവിനെയും ചോദ്യം ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ. നഴ്‌സിംഗ് ഹോമിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പോലീസിൻ്റെ സംശയത്തെ ബലപ്പെടുത്തുന്നു. പരിക്കേറ്റവർ ആദ്യം ഒരു കോമ്പൗണ്ടറുമായി കൂടിയാലോചന നടത്തുന്നതായി അതിൽ വ്യക്തമായിട്ടുണ്ടെന്നാണ് സൂചനകൾ.
ബുധനാഴ്ച പുലർച്ചെ ചികിത്സക്ക് എന്ന വ്യാജേനെ ഡൽഹിയിലെ കാളിന്ദി കുൻജിലെ നിമ ആശുപതിയിൽ എത്തിയ പ്രായപൂർത്തിയാവാത്ത രണ്ടുപേർ ചേർന്ന് ഡോക്ടറെ വെടിവച്ചു കൊന്നത്. രണ്ട് വർഷമായി അവിടെ യുനാനി പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ഡോക്ടർ ജാവേദ് അക്തർ ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ കാൽവിരലിന് ഡ്രസ്സിംഗ് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് കൗമാരക്കാർ ആശുപത്രിയിലെത്തിയത്. ഇതിന് ശേഷം കുറിപ്പടി വാങ്ങാനെന്ന പേരിൽ ഡോക്ടറുടെ ക്യാബിനിൽ കയറി നിറയൊഴിക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിംഗ് സ്റ്റാഫായ ഗജല പർവീനും മുഹമ്മദ് കാമിലും ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നവർ ഡോക്ടറുടെ മുറിയിൽ എത്തുകയായിരുന്നു. അപ്പോൾ രക്തത്തിൽ കുളിച്ച് അനങ്ങാതെ കസേരയിൽ കിടക്കുന്ന ഡോ. അക്തറിനെയാണ് കണ്ടതെന്ന് ആശുപത്രി ജീവനക്കാരനായ പർവീൻ പറഞ്ഞു. ഇതിനിടയിൽ പ്രതികൾ അവിടെ നിന്നും കടന്നു കളയുകയായിരുന്നു.