എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിന്റെ ഭാഗത്തു നിന്നും സര്‍വീസ് ചട്ട ലംഘനങ്ങള്‍ ഉണ്ടായതായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യനായ പ്രശാന്ത് സ്ഥിരം നിയമനം ലഭിക്കാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെട്രോള്‍ പമ്പ് തുടങ്ങുന്ന കാര്യം മെഡിക്കല്‍ കോളേജ് അധികൃതരെ അറിയിച്ചിട്ടില്ല. യാതൊരു അനുമതിയും വാങ്ങാതെയാണ് എന്‍ഒസി അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോയത്. ഇത് കടുത്ത അച്ചടക്ക ലംഘനമാണ്. അനുമതി വേണമെന്ന് അറിയില്ലെന്ന പ്രശാന്തിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രശാന്തിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കാം. ഇതിനായി നിയമോപദേശം തേടണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രശാന്ത് ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങില്ലെന്നും പറഞ്ഞിരുന്നു.