കായംകുളം: ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച പ്രതി അറസ്റ്റിൽ. കായംകുളത്ത് കഴിഞ്ഞ മാസം 16 ന് നവകേരള സദസ്സ് വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെകട്ടറി അജിമോൻ കണ്ടല്ലൂരിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയായിരുന്നു കരിങ്കൊടി.
ഡി വൈ എഫ് ഐ. പ്രവർത്തകനായ മാവേലിക്കര ഭരണിക്കാവ് വില്ലേജിൽ തെക്കേ മങ്കുഴി പാപ്പാടിയിൽ വീട്ടിൽ അനൂപ് വിശ്വനാഥൻ (30) കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ കേസിൽ ഒളിവിലായിരുന്ന പ്രതി കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് മുമ്പാകെ കീഴടങ്ങിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
നവകേരള സദസിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ, മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു കാഴ്ചയായിരുന്നു രണ്ട് കാലുകളും ഇല്ലാത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനെ കായംകുളത്ത് വെച്ച് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്.. മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച തന്നെ സമീപത്തെ പൊലീസുകാർ എടുത്ത് മാറ്റിയ ശേഷം ഓടിയെത്തിയ ഡിവൈഎഫ്ഐ പിറകിൽ കൂടി വന്ന ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അജിമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സി പി എമ്മിന്‍റെ പിന്തുണയില്ലാതെ ഇവർ ഇത്തരത്തിൽ ആക്രമിക്കില്ലെന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിമോൻ പറഞ്ഞിരുന്നു. പുറത്തിറങ്ങിയാൽ ജീവന് വരെ ഭീഷണിയുണ്ടെന്നും അജിമോൻ അന്ന് പറഞ്ഞിരുന്നു.