കോട്ടയം: ‘ഡിജിറ്റല്‍ അറസ്റ്റ്’ വഴി മുന്‍ കോളജ് അധ്യാപകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. കബളിപ്പിക്കുകയാണെന്ന് മനസിലാക്കിയ ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് ഹിന്ദു കോളജ് റിട്ട. പ്രഫസര്‍ വാഴപ്പള്ളി അശ്വതി ഭവനില്‍ പ്രഫ എസ് ആനന്ദക്കുട്ടന്‍ തട്ടിപ്പ് ശ്രമം പൊളിക്കുകയായിരുന്നു. ബന്ധു പൊലീസ് സൂപ്രണ്ടാണെന്നു പറഞ്ഞതോടെ തട്ടിപ്പുസംഘം പിന്‍വാങ്ങുകയായിരുന്നു.
തിങ്കളാഴ്ചയാണ് ആനന്ദക്കുട്ടനെ തട്ടിപ്പ് സംഘം ആദ്യം വിളിച്ചത്. ആനന്ദക്കുട്ടന്‍ മുംബൈയില്‍നിന്നു മലേഷ്യയിലേക്കു പാഴ്‌സല്‍ അയച്ചിട്ടുണ്ടെന്നും ഇതു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നും പാഴ്‌സലില്‍ ലഹരിമരുന്ന് കണ്ടെത്തിയെന്നും വിളിച്ചയാള്‍ പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ പാഴ്‌സല്‍ അയച്ചിട്ടില്ലെന്ന് ആനന്ദക്കുട്ടന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ് ആരെങ്കിലും ദുരുപയോഗപ്പെടുത്തിയതാകാമെന്നു തട്ടിപ്പുകാരന്‍ പറഞ്ഞു.
അപ്പോഴാണു പത്രങ്ങളില്‍ വന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെക്കുറിച്ച് ഓര്‍മ വന്നത്. എന്തു വേണമെങ്കിലും ചെയ്‌തോളൂ, നിയമനടപടി നോക്കിക്കോളാം എന്നു പറഞ്ഞ് ആനന്ദക്കുട്ടന്‍ കോള്‍ കട്ട് ചെയ്തു. അഞ്ചു മിനിറ്റിനു ശേഷം വീണ്ടും വിളിയെത്തി. ബന്ധു എസ്പിയാണെന്നു പറഞ്ഞതോടെ ഫോണ്‍ കട്ടായി. കോട്ടയം ജില്ലാ പൊലീസ് മുന്‍ മേധാവി എന്‍.രാമചന്ദ്രന്റെ ബന്ധുവാണ് ആനന്ദക്കുട്ടന്‍.