ചെന്നൈ: മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ നൂര്‍ അഹമ്മദിന്‍റെ പന്തില്‍ സൂര്യകുമാര്‍ യാദവിനെ മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയതിന്‍റെ അമ്പരപ്പ് ആരാധകര്‍ക്കിപ്പോഴും മാറിയിട്ടില്ല. അതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ധോണി മിന്നല്‍ സ്റ്റംപിംഗിലൂടെ ആരാധകരെ ഞെട്ടിച്ചു. ഇത്തവണയും ബൗളര്‍ നൂര്‍ അഹമ്മദായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പുറത്തായത് ആര്‍സിബി ഓപ്പണര്‍ ഫില്‍ സോള്‍ട്ടും.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ആര്‍സിബക്കായി ഫില്‍ സാള്‍ട്ട് തകര്‍ത്തടിച്ചപ്പോഴാണ് ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് തന്‍റെ തുരുപ്പ് ചീട്ട് പുറത്തെടുത്തത്. ചെപ്പോക്കിലെ സ്പിന്‍ പിച്ചില്‍ അപകടകാരിയായ നൂര്‍ അഹമ്മദിനെ പവര്‍ പ്ലേയില്‍ അഞ്ചാം ഓവര്‍ പന്തെറിയാന്‍ വിളിച്ചു. ഓവറിലെ അവസാന പന്തില്‍ നൂര്‍ അഹമ്മദിന്‍റെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച സാള്‍ട്ടിന് പിഴച്ചു. പന്ത് നേരെ ധോണിയുടെ കൈയില്‍. സെക്കന്‍ഡിന്‍റെ പത്തിലൊരു അംശം സമയം കാലൊന്ന് ക്രീസില്‍ നിന്ന് പൊങ്ങിയ സമയം ധോണി ബെയില്‍സിളക്കി.

