ചെന്നൈ: തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍. മുൻ ഡിജിപി രവീന്ദ്രനാഥിന്റെ മകൻ അരുണ്‍ ആണ് ചെന്നൈയില്‍ ലഹരിമരുന്നുമായി പിടിയിലായത്. നൈജീരിയൻ പൌരന്മാരായ രണ്ട് പേർക്കൊപ്പം നന്ദമ്പാക്കത്ത് നിന്നാണ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപയും 2 ഫോണും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
40കാരനായ അരുണിനൊപ്പം 42 കാരനായ എസ് മേഗ്ലാൻ, 39കാരനായ ജോണ്‍ എസി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. 3.8 ഗ്രാം കൊക്കെയ്നാണ് ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. സിന്തറ്റിക് ലഹരി മരുന്ന് വില്‍പനയുടെ ശൃംഖല തകർക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്നാണ് ഗ്രേറ്റർ ചെന്നൈ പൊലീസ് വിശദമാക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് സിന്തറ്റിക് ലഹരിമരുന്ന് സിൻഡിക്കേറ്റുകളുടെ വില്‍പനയും ഉപയോഗവും ചെറുക്കാനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. കഴിഞ്ഞ 2 മാസത്തിനുള്ളില്‍ 150ഓളം ലഹരി വില്‍പനക്കാരെ ചുറ്റിപ്പറ്റി അന്വേഷണം നടന്നിട്ടുണ്ട്. കർണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നുമാണ് ലഹരിമരുന്ന് ശൃംഖല സിന്തറ്റിക് ലഹരികള്‍ ചെന്നൈയിലേക്ക് എത്തിക്കുന്നതെന്നാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്.