Kerala
അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ; സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം ഞെട്ടിക്കുന്നത്; പി വി അൻവർ
മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തെ കുറ്റപ്പെടുത്തി പി വി അന്‍വര്‍ എംഎല്‍എ. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഞെട്ടിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു.
അജിത് കുമാര്‍ പൊലീസിലെ ഏറ്റവും വലിയ നൊട്ടോറിയസ് ക്രിമിനല്‍ ആയിട്ടുള്ള ആളാണെന്നും അൻവർ പറഞ്ഞു. കേരള ചരിത്രത്തില്‍ ഇതുപോലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ പൊലീസ് തലപ്പത്ത് ഇരുന്നിട്ടില്ല. അജിത് കുമാറിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം ഒരു വശത്ത് നടക്കുകയാണ്. അതിനിടയിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പൂര്‍ണമായും ആര്‍എസ്എസിന് കീഴ്‌പ്പെട്ടു എന്നതിന് തെളിവാണിതെന്നും പി വി അന്‍വര്‍ പറഞ്ഞു.
എം ആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക. ഈ പരിഗണന പട്ടികയിലാണ് അജിത് കുമാറും ഉള്‍പ്പെട്ടത്. ‘തൃശൂര്‍ പൂരം കലക്കല്‍’ അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ഉന്നതതല ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. ആരോപണങ്ങളില്‍ എഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഥാനകയറ്റം നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.