തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളിലടക്കം അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എം.ആർ.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനം. സ്ക്രീനിങ് കമ്മിറ്റി ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.

ഈയിടെ ചേർന്ന ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റത്തിന് അനുമതി നൽകിയിരുന്നു. യുപിഎസ്‌സി ആണ് വിഷയത്തിൽ അന്തിമതീരുമാനം എടുക്കുക.

ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി. തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിൽ നിലവിൽ അജിത്കുമാർ അന്വേഷണം നേരിടുകയാണ്. എന്നാൽ അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്.

