India

ദേവസ്വം ബെഞ്ച് അധികാരം കവരുന്നുവെന്ന് പരാതി; ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ

Posted on

ഹൈക്കോടതി ദേവസ്വം ബെഞ്ച് അധികാരം കവരുന്നു എന്നാരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബെഞ്ച് ജുഡീഷ്യല്‍ അച്ചടക്കം ലംഘിക്കുന്നുവെന്ന ഗുരുതര ആരോപണവും ബോര്‍ഡ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി സി.വി.പ്രകാശിനെ നിയമിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിന് എതിരെയാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം.

നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പ്രകാരം കമ്മിഷണറെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനാണ്. എന്നാല്‍ ഇത് ദേവസ്വം ബെഞ്ച് കണക്കിലെടുത്തിട്ടില്ല. ഭരണഘടനയുടെ 226-ാം അനുച്ഛേദം നല്‍കുന്ന അധികാരം ഉപയോഗിച്ച് നിയമങ്ങളിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ മാറ്റി എഴുതാനാണ് ശ്രമിക്കുന്നത്. ഇത് ശരിയായ രീതിയല്ലെന്ന് ദേവസ്വം ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.

ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി തേടിയിട്ടുണ്ട്. ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, ഹരിശങ്കര്‍ വി. മേനോന്‍ എന്നിവര്‍ അടങ്ങിയ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് സ്വമേധയാ എടുത്ത കേസില്‍ സി.വി. പ്രകാശിനെ ദേവസ്വം കമ്മിഷണറായി നിയമിച്ചത്. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് എതിരെയാണോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത് എന്ന് ജസ്റ്റിസുമാരായ വിക്രം നാഥും, പി.ബി. വരാലെയും അടങ്ങിയ ബെഞ്ച് ആരാഞ്ഞു. സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതി തങ്ങളുടെ ഭരണാധികാരം കവര്‍ന്നത് എന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും, അഭിഭാഷകന്‍ പി.എസ്. സുധീറും ചൂണ്ടിക്കാട്ടി. മറ്റ് മാര്‍ഗം ഇല്ലാത്തതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.

ശബരിമലയില്‍ ഭസ്മകുളം മാറ്റി സ്ഥാപിക്കുന്നത് അടക്കമുള്ള ദേവസ്വം ബോര്‍ഡിൻ്റെ നടപടികളെ ദേവസ്വം ബെഞ്ച് വിമര്‍ശിച്ചിരുന്നു. കോടതിയെ അറിയിക്കാതെ തുടങ്ങിയ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version