തിരുവനന്തപുരം: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാല്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്ക് വഹിക്കാനാകും. പൊതുജന പങ്കാളിത്തത്തോടെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വ്യക്തികള്‍ക്ക് സ്വന്തം നിലയിലും സമൂഹത്തിനും ഡെങ്കിപ്പനി പകരുന്നത് തടയുന്നതില്‍ പ്രധാന പങ്കുവഹിക്കാനാകും.
വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പം പോലും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം. ഡെങ്കിപ്പനി വന്നവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതലുകളെടുക്കണം. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
മേയ് 16നാണ് ഈ വര്‍ഷത്തെ ദേശീയ ഡെങ്കിപ്പനി ദിനം. ‘സാമൂഹ്യ പങ്കാളിത്തതോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം’ (Connect with Community, Control Dengue) എന്നതാണ് ഈ വര്‍ഷത്തെ ദേശീയ ഡെങ്കിപ്പനി ദിനാചരണ സന്ദേശം. ഡെങ്കിപ്പനി പ്രതിരോധത്തിലും നിയന്ത്രണത്തിലും സമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനാകും. സംസ്ഥാനതല ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങളുടെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ യോഗം സംഘടിപ്പിക്കുന്നു. മഴക്കാല രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും വിവിധ വകുപ്പുകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമായതിനാലാണ് ഇത്തരമൊരു യോഗം സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി ഇപ്പോഴും വിട്ടുമാറാത്തതിന്റെ പ്രധാന കാരണം. ഈഡിസ് ഈജിപ്റ്റി എന്നയിനം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.