India
ഡൽഹി ഭരണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകി ബിജെപി
ന്യൂഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കരുക്കൾനീക്കി ബിജെപി. ഡൽഹിയുടെ ഭരണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലായ സാഹചര്യത്തിൽ ഡൽഹിയിൽ ഭരണഘടന പ്രതിസന്ധി നിലനിൽക്കുന്നു എന്നാണ് ബിജെപിയുടെ വാദം. ജുഡീഷ്യൽ കസ്റ്റഡിയിൽ തീഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന് ഡൽഹിയുടെ ദൈനംദിന ഭരണനിർവഹണത്തിൽ ഇടപെടാൻ കഴിയില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ കെജരിവാളിനെതിരായ നടപടികൾ സിബിഐ വേഗത്തിലാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെജ്രിവാളിനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ സിബിഐ ഉടൻ സമർപ്പിക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്രിവാളിനെയും പ്രതിചേർക്കുക. കസ്റ്റഡിയിൽ കെജരിവാളിനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് അപേക്ഷയാകും സിബിഐ റൗസ് അവന്യൂ കോടതിയിൽ സമർപ്പിക്കുന്നത്. മദ്യനായ അഴിമതി കേസ് വിലയിരുത്താൻ ഇന്ന് രാവിലെ സിബിഐയുടെ സംഘം യോഗം ചേരുന്നുണ്ട്. ഇതിന് തുടർച്ചയായ ആകും നടപടികൾ. ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാൾ ഇപ്പോൾ തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
ഏപ്രിൽ 15 വരെയാണ് ഇഡി കേസിൽ കെജ്രിവാളിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിട്ടത്. അരവിന്ദ് കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭ്യർത്ഥനകൾ മുന്നോട്ടുവെക്കുകയും ചെയ്തു.
മഹാഭാരതവും രാമയണവും ഉൾപ്പെടെ മൂന്നു പുസ്തകങ്ങളും ജപമാലയും മരുന്നുകളും എത്തിക്കാൻ അനുവാദം നൽകണമെന്ന് അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. അരവിന്ദ് കെജ്രിവാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിൽ പറഞ്ഞു. പാസ്വേർഡ് നൽകാൻ ആവശ്യപ്പെട്ടിട്ടും നൽകാൻ തയാറായില്ലെന്നും ചോദ്യങ്ങൾക്ക് പരസ്പര ബന്ധമില്ലാത്ത ഉത്തരങ്ങൾ നൽകുന്നുവെന്നും ഇഡി കോടതിയിൽ പറഞ്ഞു.
മാർച്ച് 21-ന് രാത്രിയായിരുന്നു അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28-ന് അവസാനിച്ചെങ്കിലും ഇ.ഡി.യുടെ ആവശ്യപ്രകാരം ഏപ്രിൽ ഒന്നുവരെ നീട്ടുകയായിരുന്നു. കസ്റ്റഡിയിൽ കഴിഞ്ഞ കേജരിവാളിനെ ദിവസവും അഞ്ചുമണിക്കൂറിൽ ഏറെയാണ് ഇഡി ചോദ്യം ചെയ്തത്.കെജ്രിവാളിന്റെ ഫോണിലുള്ള പാർട്ടിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദ്ധതികൾ ബിജെപിക്ക് ചോർത്തി നൽകാനാണ് ഇഡി ശ്രമിക്കുന്നത് എന്നാണ് ആംആദ്മിയുടെ ആരോപണം.