ഡൽഹി: ഈസ്റ്റ് ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ നിരവധി വീഴ്ചകൾ കണ്ടെത്തി പൊലീസ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ആശുപത്രിക്ക് നൽകിയ ലൈസൻസ് മാർച്ച് 31ന് കാലഹരണപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഡോക്ടർക്ക് വേണ്ടത്ര യോഗ്യതകൾ ഉണ്ടായിരുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി. നവജാത ശിശുക്കളെ ചികിത്സിക്കാനുള്ള യോഗ്യത ഡോ. ആശിഷിന് ഇല്ലായെന്നാണ് പൊലീസ് പറയുന്നത്. ആയൂർവേദ മെഡിസിനിലും ശസ്ത്രക്രിയയിലും ബിഎഎംഎസ് ബിരുദധാരിയാണ് ആശിഷ്. ഇതിനെ തുടർന്ന് ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആരോഗ്യ സെക്രട്ടറിയോട് ദില്ലി സർക്കാർ റിപ്പോർട്ട് തേടിയിരുന്നു.
ആശുപത്രിയിൽ എമർജൻസി എക്‌സിറ്റുകൾ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. തീയണക്കാൻ ഉള്ള സംവിധാനം ആശുപത്രിയിൽ പ്രവർത്തനസജ്ജം അല്ലായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഈസ്റ്റ് ഡല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആശുപത്രി ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അശ്രദ്ധമൂലം സംഭവിച്ച മരണങ്ങള്‍ എന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അംഗീകൃത ഓക്‌സിജൻ സിലിണ്ടറുകളേക്കാൾ കൂടുതൽ ആശുപത്രിയുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുരേന്ദ്ര ചൗധരി പറഞ്ഞു. നവജാത ശിശുക്കളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഡൽഹി സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.