India
ഡൽഹിയിൽ കനയ്യ കുമാറിന്റെ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‌ലി രാജിവച്ചതിന് പിന്നാലെ നോർത്ത് ഈസ്റ്റ് ഡൽഹി സീറ്റിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരെ ഡൽഹി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കനയ്യ കുമാറിൻ്റെ പുതുതായി ഉദ്‌ഘാടനം ചെയ്‌ത ഓഫീസിന് പുറത്താണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ‘പുറത്തുനിന്ന് ആളല്ല, പ്രാദേശിക സ്ഥാനാർത്ഥിയെയാണ് ഞങ്ങൾക്ക് വേണ്ടത്’ എന്നെഴുതിയ കറുത്ത പോസ്റ്ററുകളും പ്രവർത്തകർ ഉയർത്തി. കനയ്യ കുമാർ ആം ആദ്മി പാർട്ടിയെയും (എഎപി) അതിൻ്റെ അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെയും പുകഴ്ത്തിയെന്ന് അരവിന്ദർ സിംഗ് ലൗലി തന്റെ രാജിക്കത്തിൽ ആരോപിച്ചിരുന്നു.
ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി ഡൽഹിയിൽ കോൺഗ്രസും എഎപിയും സംയുക്തമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2021ൽ കോൺഗ്രസിൽ ചേർന്ന ജെഎൻയു സ്റ്റുഡൻ്റ്‌സ് യൂണിയൻ മുൻ പ്രസിഡൻ്റായ കനയ്യ കുമാർ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസാരായിയിൽ നിന്ന് സിപിഐ ടിക്കറ്റിൽ മത്സരിച്ചിരുന്നു. എന്നാൽ ബിജെപി സ്ഥാനാർഥിയായ ഗിരിരാജ് സിങിനോട് പരാജയപ്പെടേണ്ടി വന്നു.
അതിനിടെ സംസ്ഥാന അധ്യക്ഷന്റെ രാജിയിൽ പരിഹാസവുമായി ബിജെപി രംഗത്തെത്തി. നക്സലൈറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന കനയ്യ കുമാറിനെ പോലെ ഡൽഹിയുമായി ഒരു ബന്ധവുമില്ലാത്ത സ്ഥാനാർത്ഥിയെ സ്വന്തം പാർട്ടിക്കാർ വരെ തിരസ്കരിച്ചുവെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.’മദ്യ നയ കുംഭകോണത്തിൽ എഎപിക്ക് പങ്കുണ്ടെന്ന് ആരോപിച്ച കോൺഗ്രസ് ഇപ്പോൾ അവരുടെ സഖ്യമാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി അവർ ഒന്നിച്ചു. അതിനർത്ഥം വോട്ടർമാർ ഒന്നിക്കുമെന്നല്ല’ ഷെഹ്‌സാദ് പൂനാവാല വിമർശിച്ചു.