India
ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം
ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരില്‍ ഭരണ പ്രതിസന്ധി തുടരുന്നു. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഉടന്‍ ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. രാജിവെച്ച മന്ത്രി രാജ് കുമാര്‍ ആനന്ദ് ഉടന്‍ ബിജെപിയില്‍ അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.
ഡല്‍ഹി തീഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ല. രാജ് കുമാര്‍ ആനന്ദ് മന്ത്രി സ്ഥാനം രാജി വെച്ചത് ഗവര്‍ണറെ അറിയിക്കാനോ രാജ് കുമാര്‍ ആനന്ദിന്റെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതം വെച്ച് നല്‍കാനോ കെജ്രിവാളിന് സാധിക്കുന്നില്ല. ഭരണ പ്രതിസന്ധി കോടതിയില്‍ എത്തി മറികടക്കാനാണ് ആം ആദ്മി പാര്‍ട്ടി നീക്കം. കെജ്രിവാളിന് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം തള്ളിയ കോടതി ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് പ്രസക്തമായ ചോദ്യം.
വിജിലന്‍സ് ഡയറക്ട്രേറ്റ് അരവിന്ദ് കെജ്രിവാളിന്റെ പിഎ സ്ഥാനത്ത് നിന്ന് നീക്കിയ വിഭവ് കുമാര്‍ ഇന്ന് അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചേക്കും. ഭരണ പ്രതിസന്ധി മുന്‍നിര്‍ത്തി ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം എന്ന ആവശ്യം ശക്തമാക്കാനാണ് ബിജെപി തീരുമാനം. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ലഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കിയാല് ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക് പോകും. മറ്റ് പാര്‍ട്ടികളിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയാണ് രാജ് കുമാര്‍ ആനന്ദ് മന്ത്രി സ്ഥാനം രാജി വെച്ചത് എങ്കിലും ഉടന്‍ ബിജെപി അംഗത്വം സ്വീകരിക്കും. ഡല്‍ഹിയില്‍ നിന്നും പഞ്ചാബില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തും എന്നാണ് പുറത്ത് വരുന്ന വിവരം.