ഹൈദരാബാദ്: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി അറസ്റ്റില്‍. ഡൽഹി പൊലീസാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) വിഭാഗം ഡിസിപി ഹേമന്ദ് തിവാരി അറിയിച്ചു.
കഴിഞ്ഞ നവംബറിലാണ് രശ്‌മികയുടെ ദീപ് ഫേക്ക് വീഡിയോ വ്യാപകമായി പ്രചരിച്ചത്. കറുത്ത ന്യൂഡീൽ സ്ട്രാപ്പ് വസ്ത്രം ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന തരത്തിലാണ് ദൃശ്യം പ്രചരിച്ചത്. വീഡിയോ പ്രത്യക്ഷപ്പെട്ടത് മുതൽ ഇതിലെ സത്യാവസ്ഥ അന്വേഷിച്ച് രശ്മികയുടെ ആരാധകർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ ഉപയോക്താക്കൾ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
പിന്നാലെ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണെന്ന് വ്യക്തമാക്കിക്കൊണ്ട് യഥാർത്ഥ വീഡിയോ കൂടി പ്രചരിക്കാൻ തുടങ്ങി. സാറാ പട്ടേൽ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് എ ഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതെന്ന പേരിൽ പ്രചരിച്ചത്.