ബോളിവുഡിലേയും തെന്നിന്ത്യയിലേയും നടിമാരുടെ ഡീപ് ഫെയ്ക്ക് വീഡിയോ പുറത്ത് വരാൻ തുടങ്ങിയിട്ട് കാലങ്ങളായി. നടിമാരായ രശ്മിക മന്ദാന, ആലിയ ഭട്ട്, കജോൾ, കത്രീന കൈഫ് എന്നിവരുടെ മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിൽ രശ്മികയുടെ വ്യാജ വീഡിയോ നിർമിച്ച പ്രധാനപ്രതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടി നോറാ ഫത്തേഹിയും ഡീപ് ഫെയ്ക്ക് വീഡിയോക്ക് ഇരയായിരിക്കുകയാണ്.
ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച, നോറാ ഫത്തേഹിയുടെ രൂപമുളള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഒരു ക്ലോത്തിങ് ബ്രാൻഡിന്റെ പരസ്യമാണ് നോറയുടെ മോർഫ് ചെയ്ത ചിത്രമുപയോഗിച്ച് നിർമിച്ചിരിക്കുന്നത്. നോറ തന്നെയാണ് ഇക്കാര്യം തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി പുറംലോകത്തെ അറിയിച്ചത്. ഇത് താൻ അല്ലെന്നും കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും നോറ തന്നെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്. കഴിഞ്ഞ നവംബറിലാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്.
ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. എ.ഐ അധിഷ്ഠിതമായ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച മോർഫ്ഡ് വീഡിയോ ആയിരുന്നു പ്രചരിച്ചതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറായ സാറാ പട്ടേലിൻ്റെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ചിരുന്നത്. രശ്മികയുടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇന്ത്യയിൽ ഡീപ് ഫേക്ക് വലിയ ചർച്ചയായത്.