Kerala

ജീവിതം അവസാനിപ്പിക്കുന്നെന്ന് സുഹൃത്തുക്കളെ വിളിച്ചറിയിച്ചു, മൂന്നംഗ കുടുംബം ജീവനൊടുക്കി

തിരുവനന്തപുരം: നെയ്യാറ്റിൻകര കൂട്ടപ്പന ക്ഷേത്രത്തിനു സമീപം ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. അച്ഛനും അമ്മയും മകനും ആണ് ആത്മഹത്യ ചെയ്തത്. ഗൃഹനാഥനായ മണിലാൽ, ഭാര്യ സ്മിത, മകൻ അഭിലാൽ എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൂവരും ആഹാരത്തിൽ സയനൈഡ് കലർത്തി കഴിച്ചതായാണ് പൊലീസ് നിഗമനം. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുടുംബത്തോടൊപ്പം ജീവിതമവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി പത്തരയോടെ മണിലാൽ അടുത്ത സുഹൃത്തുക്കളെയും കൂട്ടപ്പന വാർഡ് കൗൺസിലർ മഹേഷിനെയും വിളിച്ചറിയിച്ചിരുന്നു. ഇതുകേട്ട് മകനോടൊപ്പം കൗൺസിലർ ഇവരുടെ വീട്ടിലെത്തി. കുപ്പിയിൽ കരുതിയ ദ്രാവകം വീടിനുപുറത്തിരുന്ന് കുടിക്കാൻ ശ്രമിക്കുന്ന മണിലാലിനെയാണ് ഇവർ കണ്ടത്. കുപ്പി തട്ടിക്കളഞ്ഞശേഷം മഹേഷ് വീടിനകത്തുകയറി നോക്കിയപ്പോഴാണ് സ്മിതയെയും മകനെയും അടുത്തടുത്ത മുറികളിൽ അവശനിലയിൽ കണ്ടത്. ഇതിനിടെ വിഷം കഴിച്ച മണിലാലും ബോധരഹിതനായി.

ആശുപത്രിയിലെത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ മരണം സംഭവിച്ചതിനാലാണ് സയനൈഡ് പോലുള്ള വിഷവസ്തുവെന്തെങ്കിലുമാകാം ഇവർ കഴിച്ചതെന്ന നിഗമനത്തിൽ പൊലീസെത്തിയത്. . സ്മിത എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top