India

പരീക്ഷയ്ക്ക് തോറ്റതിൽ മനോവിഷമം; സഹോദരിമാർ കീടനാശിനി കഴിച്ചു, ഒരാൾ മരിച്ചു

Posted on

വിജയവാഡ: പരീക്ഷയിൽ തോറ്റതിനെ തുടർന്ന് സഹോദരിമാർ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ മരിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ബിടെക്കിന് പഠിക്കുന്ന 18കാരിയും ഇളയ സഹോദരിയുമാണ് കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ഇളയ സഹോദരി മരിയ്ക്കുകയും മൂത്ത സഹോദരിയുടെ നില ​ഗുരുതരമായി തുടരുകയുമാണെന്ന് പൊലീസ് അറിയിച്ചു.

കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിൽ ശനിയാഴ്ചയാണ് സംഭവം. സഹോദരിമാരെ കീടനാശിനി കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കർഷകരായ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മക്കളെ ഛർദിച്ച് അവശ നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇളയ സഹോദരി ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, മൂത്ത സഹോദരിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ബിടെക് ഒന്നാം സെമസ്റ്റർ പരീക്ഷയിൽ മൂത്ത സഹോദരിയും പ്ലസ്ടു പരീക്ഷയിൽ ഇളയസഹോദരിയും പരാജയപ്പെട്ടതായി പൊലീസ് പറഞ്ഞു. പരീക്ഷാ ഫലങ്ങളിൽ ഇവർക്ക് നിരാശയും മാതാപിതാക്കളുടെ പ്രതികരണത്തെക്കുറിച്ച് ഇവർക്ക് ആശങ്കയും ഉണ്ടായിരുന്നു. ഇതാവാം ആത്മഹത്യ ചെയ്യണമെന്ന ചിന്തയിലേക്ക് സഹോദരിമാരെ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. കർഷകനായ പെൺകുട്ടികളുടെ പിതാവ് വളരെ കഷ്ടപ്പെട്ടാണ് പെൺമക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകിയതെന്നും മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാത്തതിൻ്റെ കുറ്റബോധമാണ് അവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version