മലപ്പുറം: വീട്ടിലെ പ്രസവത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആംബുലന്‍സ് ഡ്രൈവര്‍. തെറ്റിദ്ധരിപ്പിച്ചാണ് മരിച്ച അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീന്‍ ആംബുലന്‍സ് വിളിച്ചതെന്ന് ഡ്രൈവര്‍ അനില്‍ പറഞ്ഞു. ശ്വാസംമുട്ട് മൂലം മരിച്ച വയോധികയുടെ മൃതദേഹം കൊണ്ട് പോവാന്‍ ഉണ്ടെന്ന് പറഞ്ഞാണ് വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പെരുമ്പാവൂരില്‍ യുവതിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം മനസ്സിലായത് എന്നും ആംബുലന്‍സ് ഡ്രൈവര്‍ അനില്‍ വ്യക്തമാക്കി.

അതേസമയം അസ്മയുടെ മരണത്തില്‍ സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്. യുവതിയുടെ മരണം അമിത രക്തസ്രാവം മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അസ്മയ്ക്ക് കൃത്യസമയത്ത് ശുശ്രൂഷ ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്.

