കർണാടകയിൽ തഹസിൽദാറുടെ ചേംബറിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബെലഗാവി ജില്ലാ ആസ്ഥാനത്തെ തഹസീൽദാർ ഓഫീസിലാണ് സംഭവമുണ്ടായത്. സെക്കൻഡ് ഡിവിഷൻ അസിസ്റ്റൻഡായ രുദ്രണ്ണ(35)യെയാണ് ചേംബറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും, മരണത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു തഹസിൽദാറുടെ ചേംബറിനുള്ളിൽ ഒരാൾ തൂങ്ങിമരിച്ചെന്നുള്ള വിവരം ലഭിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉടൻതന്നെ സംഭവസ്ഥലത്തെത്തുകയും ചെയ്തു. നീളമുള്ള തുണി ഉപയോഗിച്ചാണ് ഇയാൾ തൂങ്ങിയിരുന്നതെന്നും, ഇത്തരമൊരു പ്രവൃത്തിയിലേക്ക് രുദ്രണ്ണയെ നയിക്കാനിടയാക്കിയ കാരണം കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.