കാലിഫോർണിയ: തെറ്റാലി ഉപയോഗിച്ച് അയൽവാസികൾക്ക് വർഷങ്ങളായി ശല്യമുണ്ടാക്കിയിരുന്ന 81കാരൻ അറസ്റ്റിലായതിന് പിന്നാലെ മരിച്ചു. കാലിഫോർണിയ സ്വദേശിയായ 81കാരനെ ചൊവ്വാഴ്ചയാണ് പൊതുജനത്തിന് ദീർഘകാലമായി ശല്യമുണ്ടാക്കിയതിന് ഇയാളെ അറസ്റ്റ് ചെയ്തത്. അസൂസാ എന്ന ചെറുനഗരത്തിലെ വിവിധ മേഖലയിലെത്തി വീടുകളുടെ ജനലുകളും വാഹനങ്ങളും അടക്കമുള്ളവയും അടക്കമാണ് 81കാരൻ തെറ്റാലി ഉപയോഗിച്ച് തകർത്തിരുന്നത്. ബോൾ ബെയറിംഗുകളാണ് ഇയാൾ തെറ്റാലിയിൽ ഉപയോഗിച്ചിരുന്നത്. പ്രിൻസ് കിംഗ് എന്ന 81കാരനെ ദീർഘനാളത്തെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീടിന്റെ പിന്നിൽ നിന്നായിരുന്നു ഇയാളുടെ തെറ്റാലി ആക്രമണം. പലപ്പോഴും തെറ്റാലി ആക്രമണത്തിൽ ആളുകൾക്ക് കഷ്ടിച്ചാണ് ഗുരുതര പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടതെന്നാണ് അയൽവാസികളുടെ പരാതി വിശദമാക്കുന്നത്. ഇയാളുടെ വീട്ടിൽ നടന്ന പരിശോധനയിൽ തെറ്റാലികളും ഇതിൽ ഉപയോഗിച്ചിരുന്ന ബോൾബെയറിംഗുകളും കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാൾ കുറ്റം നിഷേധിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവം എന്ന രീതിയിൽ നിന്ന് നിരന്തര ആക്രമണം എന്ന രീതിയിൽ തെറ്റാലി ആക്രമണം വന്നതോടെയാണ് നാട്ടുകാർ ഉടൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടിരുന്നു. ബുധനാഴ്ചയാണ് ഇയാളെ സ്വകാര്യ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയ സംബന്ധിയായ തകരാറുകളും നാഡി സംബന്ധിയായ തകരാറുകളും ഇയാൾക്കുണ്ടായിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. 81കാരന്റെ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല.