പാട്ന: കുരങ്ങൻമാരുടെ സംഘം ടെറസിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് പത്താംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. ബീഹാറിലെ പാട്നയിൽ പ്രിയ കുമാർ എന്ന പെൺകുട്ടിയാണ് മരിച്ചത്. ടെറസിൽ ഇരുന്ന് പഠിക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് കുരങ്ങന്മാർ സംഘമായി എത്തുകയായിരുന്നു. ഇവരിൽ നിന്നും രക്ഷപെടാനായി പെൺകുട്ടി ഗോവണിയിലേയ്ക്ക് ഓടി.
എന്നാൽ, കൂട്ടത്തിലെ ചില കുരങ്ങൻമാർ അക്രമാസക്തരാകുകയും പെൺകുട്ടിയെ ടെറസിൽ നിന്ന് തള്ളിയിടുകയും ചെയ്തെന്നാണ് പ്രദേശവാസികൾ പറയുന്നത്. താഴേയ്ക്ക് വീണ കുട്ടി സംഭവ സ്ഥലത്തുതന്നെ മരണപെട്ടു. പ്രിയയുടെ തലയുടെ പിൻഭാഗത്തും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പരിക്കേറ്റിരുന്നു.
പെൺകുട്ടിയുടെ തലയിൽ ഉൾപ്പെടെയേറ്റ ഒന്നിലധികം പരിക്കുകളാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. കുറച്ചുകാലമായി പ്രദേശത്ത് കുരങ്ങുകളുടെ ശല്യം വർധിച്ചിരുന്നു എന്നും സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടില്ലെന്നും ഭഗവാൻപൂർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സുജീത് കുമാർ ചൗധരി പറഞ്ഞു.