India
ക്ലാസിനിടയിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ; ഞെട്ടിത്തരിച്ച് സഹപാഠികളും അധ്യാപകരും
കോളജ് കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ അനന്തപൂർ നാരായണ കോച്ചിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി ചരൺ ആണ് മരിച്ചത്.
ക്ലാസ് നടക്കുന്നതിന് ഇടയിൽ ക്ലാസ് റൂമിൽ നിന്നും ഇറങ്ങിയാണ് ജീവനൊടുക്കിയത്. ഇന്ന് പത്തേകാലോടെ ക്ലാസ് റൂമിൽ നിന്നും ഇറങ്ങി മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നറിയാൻ സഹപാഠികൾ താഴേക്ക് നോക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
വിദ്യാർത്ഥികളെ മത്സര പരീക്ഷകൾക്ക് സജ്ജമാക്കുന്നതിനായി പരിശീലനം നൽകുന്ന ആന്ധ്രയിലെ കോച്ചിംഗ് സെൻ്ററുകളുടെ പ്രധാനപ്പെട്ട ശൃംഖലയാണ് നാരായണ കോച്ചിംഗ് കോളജുകൾ. ഐഐടി-ജെഇഇ, നീറ്റ്, മറ്റ് സംസ്ഥാനതല മത്സര പരീക്ഷകൾ,എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്കുള്ള പരിശീലനം എന്നിവയാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. കോച്ചിംഗ് സെൻ്ററിൻ്റെ ഭാഗത്ത് നിന്നും വല്ല വീഴ്ചയും ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.