പടിഞ്ഞാറന്‍ ജര്‍മനിയിലെ സോലിങ്കനിൽ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അജ്ഞാതനായ ഒരാളാണ് കത്തി ആക്രമണത്തിന് പിന്നില്‍. ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നഗരത്തിന്റെ 650-ാം വാർഷികത്തോടനുബന്ധിച്ചുള്ള സംഗീത പരിപാടിയിലാണ് ആക്രമണം നടന്നത്. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്. ആഭ്യന്തര മന്ത്രി ഹെർബർട്ട് റൂൾ സ്ഥലത്തെത്തി പ്രശ്നങ്ങള്‍ വിലയിരുത്തി. ബോധപൂർവമായ ആക്രമണമാണ് നടന്നത് എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ എന്താണ് ആക്രമിയുടെ ലക്ഷ്യം എന്നതിനെക്കുറിച്ച് പ്രതികരിച്ചില്ല. പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജർമനിയില്‍ ഏറ്റവും ജനസംഖ്യയുള്ളതും നെതർലാൻഡ്‌സിൻ്റെ അതിർത്തിയിലുള്ളതുമായ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്താണ് സോലിങ്കൻ. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നഗര വാർഷികാഘോഷ ചടങ്ങുകൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്.സംഗീത പരിപാടി കേള്‍ക്കാന്‍ ധാരാളം ആളുകളും എത്തിയിരുന്നു. ഇത്തരമൊരു ആക്രമണത്തില്‍ ദുഃഖമുണ്ടെന്നും ജീവന്‍ നഷ്ടമായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്നും സോലിങ്കന്‍ മേയർ ടിം കുർസ്‌ബാക്ക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ജൂണിൽ ജർമൻ നഗരമായ മാൻഹൈമിൽ വലതുപക്ഷ പ്രകടനത്തിന് നേരെയുണ്ടായ ആക്രമണത്തിനിടെ 29കാരനായ ഒരു പോലീസുകാരൻ കുത്തേറ്റു മരിച്ചിരുന്നു. 2021ൽ ട്രെയിനിലും ആക്രമണം നടന്നു. അന്നും നിരവധി പേർക്ക് കുത്തേറ്റിരുന്നു.