കോട്ടയം : കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. വിജയകുമാറിന്റെയും മീരയുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്കായി വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളിൽ വസ്ത്രങ്ങളില്ല. പ്രതി മനപൂർവ്വം വിജയകുമാറിനെയും മീരയെയും വിവസത്രരാക്കി എന്നാണ് സംശയം. ഇരുവരുടെയും മുഖം വികൃതമാക്കിയ നിലയിലാണ്. അമ്മിക്കല്ലും കോടാലിയും ഉപയോഗിച്ചാണ് കൊലപാതകി മരിച്ചവരുടെ മുഖം വികൃതമാക്കിയത്.

അതേ സമയം വിജയകുമാറിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ വീട്ടിൽ നിന്നും മോഷണം പോയ നിലയിലാണ്. ഈ മൊബൈൽ ഫോണുകളിൽ സിസിടിവി കണക്ടിവിറ്റി ഉണ്ടായിരുന്നു. സിസിടിവി ഹാർഡ് ഡിസ്‌കുകളും കാണ്മാനില്ല. ദൃശ്യങ്ങൾ നശിപ്പിക്കാനായി കൊലയാളി ഫോൺ കൊണ്ടുപോയിരിക്കാം എന്നാണ് അന്വേഷണസംഘത്തിൻ്റെ നിഗമനം. അതേ സമയം കൊലപാതകം നടന്ന വീട്ടിലെ കിണർ പരിശോധിക്കും.

