റാഞ്ചി: ജാർഖണ്ഡിൽ എക്‌സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റിലെ ശാരീരിക ക്ഷമത പരിശോധനക്കിടെ 11 ഉദ്യോഗാർത്ഥികൾ മരിച്ചു. ഓഗസ്റ്റ് 22നായിരുന്നു റാഞ്ചി, ഗിരിദിഹ്, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിംഗ്ഭും, സാഹെബ്ഗഞ്ച് എന്നീ ജില്ലകളിലെ ഏഴോളം കേന്ദ്രങ്ങളിൽ ഫിസിക്കൽ ടെസ്റ്റുകൾ ആരംഭിച്ചത്.
പലാമുവിൽ നാല് മരണങ്ങളും ഗിരിദിഹ്, ഹസാരിബാഗ് എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും റാഞ്ചിയിലെ ജാഗ്വാർ കേന്ദ്രത്തിലും ഈസ്റ്റ് സിംഗ്ഭൂമിലെ മൊസാബാനി, സാഹെബ്ഗഞ്ച് കേന്ദ്രങ്ങളിലും ഒരാൾ വീതവും മരിച്ചതായാണ് പൊലീസ് റിപ്പോർട്ട്. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും മരുന്ന്, വെള്ളം, മൊബൈൽ ടോയ്ലറ്റ്, ആംബുലൻസ് സൗകര്യം എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
പുലർച്ചെയാണ് ഫിസിക്കൽ ടെസ്റ്റുകൾ നടത്തിവരുന്നത്. കടുത്ത ചൂട് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാന്‍ വേണ്ടിയാണിത്. പരീക്ഷ കേന്ദ്രങ്ങളിൽ എല്ലാ 500 മീറ്ററിലും ഉദ്യോഗാർത്ഥികൾക്ക് കുടിവെള്ളം സജ്ജമാക്കിയിട്ടുണ്ടെന്നും പൊലീസ് വക്താവ് അമോൽ ഹോംകർ പറഞ്ഞു., mഅതേസമയം ഉദ്യോഗാർത്ഥികൾ മതിയായ പരിശീനമില്ലാതെയാണ് പരീക്ഷക്കെത്തുന്നതെന്ന് ഷെയ്ക് ബിഖാരി മെഡിക്കൽ കോളേജിലെ മെഡിക്കൽ സുപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.