Kerala
കിഴക്കമ്പലത്ത് 20 കാരനായ അതിഥി തൊഴിലാളി തോട്ടിൽ മരിച്ച നിലയിൽ, ദുരൂഹത
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം നൗക സ്വദേശി സെയ്തുൾ ഇസ്ളാമിനെ (20)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടിമറ്റം ഡബിൾപാലത്തിനടുത്ത് പി.പി റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ എസ്.എൻ.ഡി.പി ശാഖ പാർക്കിംഗ് ഗ്രൗണ്ടിൽ ഇലക്ട്രിക് ജോലികൾക്കായി വന്നവരാണ് തോട്ടിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ സെയ്തുൾ ഇസ്ളാമിന്‍റെ മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപം പ്ളാസ്റ്റിക് കവറും ഒഴിഞ്ഞ കുടിവെള്ളകുപ്പിയും കണ്ടെത്തിയിരുന്നു. ആക്രി പെറുക്കി വിറ്റ് ജീവിക്കുന്നയാളാണ് സെയ്തുൾ എന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ സഹോദരി പട്ടിമറ്റം മനയ്ക്കപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനായി എത്തിച്ചു. ഫോറൻസിക് വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി.