പാലക്കാട്: ബ്ലേഡ് മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. പാലക്കാട് കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ് (39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ഈമാസം ഒന്‍പതിന് കുളവന്‍മുക്കിലെ സാമ്പത്തിക ഇടപാടുകാര്‍ മനോജിനെ ആക്രമിച്ചുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. കടംനല്‍കിയ പണം തിരിച്ചുകിട്ടാന്‍ വൈകുന്നതിനെ ചൊല്ലിയായിരുന്നു ആക്രമണം.
ആക്രമണമുണ്ടായ ദിവസം വൈകീട്ട് അവശനിലയിലാണ് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലേക്ക് മനോജ് എത്തിയത്. ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെയാണ് മനോജിനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മരണ കാരണമാവുന്ന നിരവധി പരിക്കുകള്‍ മനോജിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. മനോജിന്റെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.