പൂണെക്കടുത്ത് ലോണാവാലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപെട്ട് മരിച്ചു. ഉച്ചയോടെയാണ് ദാരുണ അപകടമുണ്ടായത്. അവധിയാഘോഷിക്കാൻ പോയ കുട്ടികൾ അടക്കമുള്ള സംഘമാണ് തീർത്തും അപ്രതീക്ഷിതമായി ദുരന്തത്തിലേക്ക് പോയത്. വെള്ളത്തിന് നടുവിൽ നിന്ന് സഹായത്തിനായി ഇവർ നിലവിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഭുഷി അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്തെ പാറക്കൂട്ടം നിറഞ്ഞ ഭാഗത്താണ് അപകടം ഉണ്ടായത്. തോടിൻ്റെ നടുവിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ഇറങ്ങി നിൽക്കുമ്പോൾ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയായിരുന്നു. ഒഴുക്ക് പെട്ടെന്ന് ശക്തിപ്പെട്ടതിനാൽ തിരിച്ചുകയറാനായില്ല. സ്ത്രീകളും കുട്ടികളും മുതിർന്ന ഒരു പുരുഷനുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കുത്തിയൊഴുകുന്ന വെള്ളത്തിന് നടുവിൽ ഏതാണ്ട് ഒരു മിനിറ്റോളം ഇവർ കെട്ടിപ്പിടിച്ച് നിൽക്കുന്നതും പിന്നീട് നിലവിട്ട് ഒഴുകിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
പൂണെക്കടുത്ത് ഹദപ്സറിൽ നിന്നുള്ളവരാണ് മരിച്ചത്. ഷാഹിത അൻസാരി, അമീമ അൻസാരി, ഉമേര അൻസാരി, അഡ്നാൻ അൻസാരി, മരിയ സയ്യദ് എന്നിങ്ങനെയാണ് പേരുകൾ പോലീസ് പുറത്തുവിട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ പെയ്ത കനത്ത മഴയാണ് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് കാരണമായത് എന്നാണ് കരുതുന്നത്.