India

രണ്ട് ഭാര്യ, രണ്ട് മതം; ഭര്‍ത്താവിന്‍റെ സംസ്കാരച്ചടങ്ങുകള്‍ രണ്ടുതരത്തില്‍ ,നടപടി കോടതി ഉത്തരവില്‍

Posted on

ചെന്നൈ: രണ്ട് മതവിഭാ​ഗത്തിൽ നിന്നുള്ളവരെ വിവാ​ഹം ചെയ്ത തമിഴ്നാട് സ്വദേശി മരിച്ചപ്പോൾ സംസ്കാര ചടങ്ങുകൾ നടന്നത് രണ്ട് മതാചാരപ്രകാരം. ഹൈന്ദവ ആചാര പ്രകാര ചടങ്ങുകളും ഇസ്ലാം ആചാരപ്രകാരം സംസ്‌കാരവുമാണ് നടന്നത്. ശിവഗംഗ ജില്ലയിലെ കാരക്കുടി സ്വദേശിയായ അൻവർ ഹുസൈൻ അഥവ ബാലലസുബ്രഹ്മണ്യനാണ് (55) മരിച്ച ശേഷം രണ്ട് മതാചാരങ്ങളോടെ ശവസംസ്കാരം നടത്തിയത്. ഹൈന്ദവ, ഇസ്ലാം വിശ്വാസികളായ ഇയാളുടെ ഭാര്യമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ട് മതാചാരപ്രകാരവും ചടങ്ങ് നടത്താൻ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

ഹൈന്ദവ വിശ്വാസിയായ ശാന്തിയും ഇസ്ലാം വിശ്വാസിയായ ഫാത്തിമയും തമ്മിലാണ് തർക്കമുണ്ടായത്. തുടർന്ന് ആദ്യ ഭാര്യയായ ശാന്തി നൽകിയ ഹർജി ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ അടിയന്തരമായി പരിഗണിക്കുകയായിരുന്നു. ഉത്തരവിന് പിന്നാലെ ഇയാളുടെ ശവസംസ്കാര ചടങ്ങുകൾ ഇസ്ലാം, ഹൈന്ദവ വിശ്വാസ പ്രകാരമുള്ള രീതികളിൽ നടത്തി.

ആദ്യത്തെ അരമണിക്കൂർ സമയം ആദ്യ ഭാര്യയായ ശാന്തിയ്ക്ക് ഇവരുടെ വിശ്വാസപ്രകാരമുള്ള ചടങ്ങുകൾ നടത്താൻ കോടതി നിർദേശിച്ചു. ആ ചടങ്ങുകൾക്ക് ശേഷം മൃതദേഹം രണ്ടാമത്തെ ഭാര്യയായ ഇസ്ലാം മത വിശ്വാസിയായ ഫാത്തിമയ്ക്ക് കൈമാറണം. ഇവർക്ക് ഇസ്‌ലാം വിശ്വാസപ്രകാരമുള്ള ചടങ്ങുകളോടെ അടക്കംചെയ്യാനുള്ള അനുമതിയാണ് കോടതി നൽകിയത്. ഫെബ്രുവരി 17നാണ് ബാലസുബ്രഹ്മണ്യൻ മരിച്ചത്. ഉത്തരവ് പ്രകാരം കഴിഞ്ഞദിവസമാണ് ചടങ്ങുകൾ നടന്നത്. സർക്കാരിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ ചർച്ചയിലൂടെ വീതംവെക്കാനും ധാരണയായിട്ടുണ്ട്.

രണ്ടാം വിവാഹത്തിന് മുൻപ് ആദ്യ ഭാര്യയായ ശാന്തിയെ വിവാഹ മോചനത്തിന് തേടിയിരുന്നു. ശേഷം ഫാത്തിമയെ വിവാഹം ചെയ്ത ബാലസുബ്രഹ്മണ്യൻ മതംമാറി അൻവർ ഹുസൈനായിരുന്നു. എന്നാൽ ശാന്തി നൽകിയ അപ്പീലിനെ തുടർന്ന് വിവാഹമോചനം കോടതി റദ്ദാക്കപ്പെട്ടിരുന്നു. സുബ്രഹ്മണ്യന്റെ മരണശേഷം നിയമപ്രകാരം താനാണ് ഭാര്യയെന്ന് ചൂണ്ടിക്കാട്ടി ശാന്തി പൊലീസിനെ സമീപിച്ചു. പിന്നാലെ ഫാത്തിമയും അവകാശവാദം ഉന്നയിച്ചപ്പോൾ മൃതദേഹം കാരക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version