അമ്പലമുക്കിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 2022 ഫെബ്രുവരി ആറിനാണ് കേരളത്തെ നടുക്കിയ ക്രൂരകൃത്യം നടന്നത്. നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണം സ്വദേശിയാണ് വിനീത.

പ്രതി വിനീതയെ കൊലപ്പെടുത്താനെത്തുന്നതിന്റെയും സംഭവസ്ഥലത്ത് നിന്ന് മടങ്ങി പോകുന്നതിന്റെയുമടക്കം സി സി ടിവി ദൃശ്യങ്ങളടങ്ങിയ 12 പെൻഡ്രൈവുകളും ഏഴ് ഡി.വി.ഡികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ, സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ച് പ്രോസിക്യൂഷൻ 96 സാക്ഷികളെ വിസ്തരിച്ചു.


