Kerala

ആരോപണം പിൻവലിച്ചു പരസ്യമായി മാപ്പ് പറയണം; ജോയിസ് ജോർജിനെതിരെ മാനനഷ്ടകേസ് നല്‍കി ഡീന്‍ കുര്യാക്കോസ്

Posted on

ഇടുക്കി: ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥി ജോയിസ് ജോർജിനെതിരെ മാനനഷ്ട കേസ്. യുഡിഎഫ് സ്ഥാനാർത്ഥി ഡീന്‍ കുര്യാക്കോസ് ആണ് അഭിഭാഷകൻ മുഖേന ജോയ്സ് ജോർജിന് നോട്ടീസ് അയച്ചത്. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണം ഉന്നയിച്ചുവെന്ന് കാണിച്ചാണ് ജോയ്‌സിനെതിരെ ഡീൻ കുര്യാക്കോസ് വക്കീൽ നോട്ടീസ് അയച്ചത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു വോട്ട് ചെയ്തു എന്നാരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തു പ്രചരിപ്പിച്ചു എന്നാണ് പരാതി.

പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഡീൻ കുര്യാക്കോസ് അതിനെ എതിർത്തില്ലെന്നും അനുകൂലിച്ചു വോട്ട് ചെയ്തുവെന്നുമാണ് സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ജോയ്സ് ജോർജ്ജ് പറഞ്ഞത്. എന്നാൽ നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ താൻ അതിനെ എതിർത്തു വോട്ട് ചെയ്തുവെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. പ്രസ്തുത ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്നും പാർലമെന്റിൽ എതിർത്ത് വോട്ട് ചെയ്തത് തത്സമയം എല്ലാവരും കണ്ടതാണെന്നും ഡീൻ പറഞ്ഞു

ആരോപണം പിൻവലിച്ചു 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. റെജി ജി നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version