Kerala
കോവളത്ത് 42കാരനെ പാറക്കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കോവളത്ത് 42കാരനെ പാറക്കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കോവളം കെഎസ് റോഡ് സിയോൺകുന്നിൽ ജസ്റ്റിൻരാജി (42) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ് റോഡിലെ പാറക്കുളത്തിലാണ് മൃതദേഹം കിടന്നത്.
പിതാവിന്റെ മരണ ശേഷം കിടപ്പ് രോഗിയായ അമ്മയോടൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. കുറേക്കാലമായി വിഷാദ രോഗത്തിനു മരുന്നു കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. അവിവാഹിതനാണ്. ഇയാളേയും അമ്മയേയും സംരക്ഷിച്ചിരുന്നത് സഹോദരങ്ങളാണ്. ചികിത്സയും നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകുകയാണെന്നു പറഞ്ഞ് ഇയാൾ വീട്ടിൽ നിന്നു ഇറങ്ങി. എന്നാൽ രാത്രി വീട്ടിൽ മടങ്ങിയെത്തിയില്ലെന്നു ബന്ധുക്കൾ വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കുളത്തിനു സമീപത്തെ കെട്ടിട നിർമാണ തൊഴിലാളികളാണു വെള്ളത്തിൽ കമിഴ്ന്നു കിടന്ന മൃതദേഹം കണ്ടത്. പൊലീസും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പരിശോധനയിൽ മൃതദേഹം ജസ്റ്റിൻ രാജിന്റേതാണെന്നു തിരിച്ചറിഞ്ഞു. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.